ക്ഷേത്രത്തിലെ ചന്ദനവും ഭസ്മവും സിന്ദൂരവും എന്ത് ചെയ്യണം?
ക്ഷേത്രത്തിലെ ചന്ദനവും ഭസ്മവും സിന്ദൂരവും എന്ത് ചെയ്യണം ക്ഷേത്രദര്‍ശനം നടത്തി പൂജാരിയില്‍ നിന്നു കൈനീട്ടി വാങ്ങുന്ന ചന്ദനം നിങ്ങളെന്താണ് ചെയ്യാറുള്ളത്...? ചന്ദനവും ഭസ്മവും സിന്ദൂരവും അണിയുന്നതിനും ചില രീതികളുണ്ടെന്നറിയാമോ. അതിനു പിന്നില്‍ വലിയൊരു സങ്കല്‍പവും ശാസ്ത്രവുമുണ്ട്. ക്ഷേത്രച്ചടങ്ങിന്‍റെ ഒഴിവാക്കാനാവാത്ത ഭാഗമാണ് തീര്‍ത്ഥവും പ്രസാദവും സ്വീകരിക്കല്‍. അഭിഷേകജലം തീര്‍ത്ഥവും ചാര്‍ത്തിയ ചന്ദനം പ്രസാദവുമാണ്. പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്ന ചന്ദനം, തീര്‍ത്ഥം, ദീപം, ധൂപം, പുഷ്പം ഇവ അഞ്ചും സ്വീകരിക്കണമെന്നാണ് വിധി. ദേവന്‍റെ ശരീരത്തില്‍ ചാര്‍ത്തിയ പുഷ്പത്തിലും ചന്ദനത്തിലും ദേവന്‍റെ സ്ഫുരണങ്ങള്‍ അടങ്ങിയിരിക്കും. ഇവ ധരിക്കുന്ന ഭക്തനും ഈ ഗുണഫലങ്ങള്‍ ലഭിക്കും. പ്രസാദം വീട്ടില്‍ കൊണ്ടുപോയി ധരിക്കുന്നവര്‍ക്കും അനുഗ്രഹ സ്ഫുരണങ്ങള്‍ ലഭിക്കും.
അനുഷ്ഠാനപരമായി കുറി തൊടുന്നതിന് ചില സവിശേഷരീതികളുണ്ട്. ഭസ്മം, ചന്ദനം, കുങ്കുമം എന്നിവയാണ് കുറി തൊടുന്നതിന് ഉപയോഗിക്കുന്നത്. ഇവ ശിവന്‍, വിഷ്ണു, ശക്തി എന്നിവരുടെ പ്രവൃത്തിയേയും സ്വഭാവത്തേയും സൂചിപ്പിക്കുന്നു. ഭസ്മം ശൈവവും ചന്ദനം വൈഷ്ണവവും കുങ്കുമം ശാക്തേയവുമാണ്. നെറ്റിത്തടം, കഴുത്ത്, തോളുകള്‍, കൈമുട്ടുകള്‍, നെഞ്ച്, വയര്‍ഭാഗം, പുറത്ത് രണ്ട്, കണങ്കാലുകള്‍ എന്നിങ്ങനെ 12ഭാഗങ്ങളില്‍ ഭസ്മം, ചന്ദനം, കുങ്കുമം എന്നീ മൂന്നു ദ്രവ്യങ്ങള്‍ ചാര്‍ത്തുന്നതിനാണ് കുറി തൊടല്‍ എന്നു പറയുന്നത്. അശുദ്ധികാലങ്ങളില്‍ അനുഷ്ഠാനപരമായ കുറി തൊടല്‍ ഒഴിവാക്കണം.
നെറ്റിത്തടമാണ് കുറി തൊടുന്നതില്‍ പ്രധാന ഭാഗം. വിദ്യയുടെയും ജ്ഞാനത്തിന്‍റെയും കേന്ദ്രസ്ഥാനമായ ഈ സ്ഥാനത്ത് കുറി തൊടുമ്പോള്‍ അവിടെ ഈശ്വരചൈതന്യം ഉണരുന്നു. കുളിച്ചു ശുദ്ധമായ ശേഷം വേണം കുറി തൊടാന്‍. അരൂപിയും നിര്‍ഗുണവും സര്‍വ്വ വ്യാപിയുമായ ആത്മദര്‍ശനമാണ് ശിവതത്വം. ശിവനെ സൂചിപ്പിക്കാന്‍ ഏറ്റവും അനുയോജ്യമായതാണ് ഭസ്മം. എല്ലാ ഭൌതിക വസ്തുക്കളും കത്തിയമര്‍ന്നതിനു ശേഷമുള്ളതാണ് ഭസ്മം. അതു പോലെ പ്രപഞ്ചമെല്ലാം സംഹരിക്കപ്പെട്ടാലും അവശേഷിക്കുന്നതാണ് ആത്മതത്വം. ശിവന്‍ ഈ പരമാത്മതത്വമാണ്.
നെറ്റിക്കു കുറുകെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഭസ്മം അണിയണമെന്നാണ് ശാസ്ത്രം. സന്യാസിമാര്‍ മാത്രമേ മൂന്നു കുറി അണിയാന്‍ പാടുള്ളൂ. ഒറ്റക്കുറി എല്ലാവര്‍ക്കുമണിയാം. ഓരോ ഭസ്മരേഖയും തനിക്ക് കഴിഞ്ഞു പോയ ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം എന്നീ ഗ്രഹസ്ഥാശ്രമങ്ങളുടെ സൂചനയാണ്. കുറികളുടെ എണ്ണം അതാത് ഗ്രഹസ്ഥാശ്രമങ്ങള്‍ കഴിഞ്ഞുവെന്നതിന്‍റെ സൂചനയും. ഭസ്മക്കുറി നെറ്റിയില്‍ ലംബമായി അണിയാന്‍ പാടില്ല. ശിരസ്സാകുന്ന ബ്രഹ്മാണ്ഡത്തെ ചുറ്റിക്കിടക്കുന്ന ആത്മമണ്ഡലത്തെ സൂചിപ്പിക്കാനാണ് ഭസ്മം നെറ്റിക്ക് കുറുകെ ധരിക്കുന്നത്. ഭസ്മം അണിയുന്ന വിരല്‍ വലതു കൈയിലേതാകണം. നെറ്റിയുടെ ഇടതുവശത്താരംഭിച്ച് കുറിയിട്ടശേഷം തലയ്ക്ക് ചുറ്റുമായി പ്രദക്ഷിണം വച്ച് പുരികള്‍ങ്ങള്‍ക്ക് മധ്യേ സ്പര്‍ശിച്ച് നിര്‍ത്തണമെന്നാണ് വിധി. ചൂണ്ടുവിരല്‍ ഉപയോഗിക്കാതെ നടുവിരല്‍, മോതിരവിരല്‍, ചെറുവിരല്‍ എന്നിവയില്‍ ഭസ്മം നനച്ച് തേച്ച് ഇരു കൈകളിലും പതിപ്പിച്ചശേഷം 12 സ്ഥാനങ്ങളിലും ഭസ്മക്കുറി അണിയുന്നു.
Share this with your friends and family